HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

വേള്‍ഡ്‌ മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ തായ്‌ലന്‍ഡില്‍

മലയാളി പ്രവാസികളെ പ്രതിനിധീകരിക്കുന്ന പ്രമുഖ ആഗോള സംഘടനയായ വേള്‍ഡ്‌ മലയാളി ഫെഡറേഷന്റെ നാലാം ദ്വിവത്സര ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2024 ജനുവരി 27, 28 തീയതികളില്‍ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടക്കും. ബിസിനസ്‌ മീറ്റ്‌, മീഡിയ കോണ്‍ഫറന്‍സ്‌, പ്രവാസി ഉച്ചകോടി, വനിതാ സെമിനാര്‍, ആദരിക്കല്‍ ചടങ്ങ്‌, കലാപരിപാടികള്‍ തുടങ്ങിയവ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുമെന്ന്‌ വേള്‍ഡ്‌ മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ്‌ ഡോ. ജെ. രത്‌നകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സന്നദ്ധ സേവനം സാമൂഹ്യ ക്ഷേമത്തിന്‌ എന്ന ആപ്‌ത വാക്യത്തിലൂന്നിയാണ്‌ ഇത്തവണത്തെ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍. സ്‌ത്രീശാക്‌തീകരണം, ലഹരിവിരുദ്ധ പ്രവര്‍ത്തനം, പ്രകൃതി സംരക്ഷണം എന്നീ മൂന്നു മേഖലകളില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും. തായ്‌ലന്റിലെ ബാങ്കോക്കില്‍ സംയുക്‌തമായി ആഘോഷിക്കുന്ന കണ്‍വന്‍ഷന്‍, സുക്‌മവിറ്റ്‌ ഏരിയായിലെ അംബാസഡര്‍ ഹോട്ടലിലാണ്‌ നടക്കുക. കണ്‍വന്‍ഷന്റെ ഭാഗമായി വേള്‍ഡ്‌ മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചാരിറ്റി ഫോറത്തിന്റെ നേതൃത്വത്തില്‍ ആലപ്പുഴ ചേര്‍ത്തലയില്‍ നിര്‍മിക്കുന്ന വീടിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്‌. കണ്‍വെന്‍ഷന്‌ മുമ്പു തന്നെ നിര്‍ധന കുടുംബത്തിന്‌ ഈ വീട്‌ കൈമാറും. കൃഷിമന്ത്രി പി.പ്രസാദാണ് വീടിന്റെ കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്‌.

ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുകയെന്ന ദൗത്യവുമായി സ്‌ഥാപിതമായ വേള്‍ഡ്‌ മലയാളി ഫെഡറേഷന്‍, സാംസ്‌കാരിക സംരക്ഷണം, സാമൂഹിക ക്ഷേമം, പ്രവാസി മലയാളികളുടെ ആഗോള ബന്ധം എന്നിവയിലൂന്നി കഴിഞ്ഞ ഏഴു വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ്‌. നിലവിൽ 164 രാജ്യങ്ങളില്‍ വേള്‍ഡ്‌ മലയാളി ഫെഡറേഷന്റെ ഘടകങ്ങളുണ്ട്‌. മറുനാടന്‍ മലയാളികള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുകയും അവര്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുകയെന്നതാണ്‌ പ്രധാന ദൗത്യം.

നാലാം ഗ്ലോബൽ കോൺവെൻഷനിൽ മലയാളികളുടെ അഭിമാനമായ വ്യവസായ പ്രമുഖർ, രാഷ്ട്രീയക്കാർ, മന്ത്രിമാർ, എം.എൽ.എ.മാർ, സാംസ്കാരിക പ്രതിഭകൾ, ശാസ്ത്രജ്ഞർ, കലാകാരന്മാർ അടക്കം വിശിഷ്ട വ്യക്തിത്വങ്ങൾ അതിഥികളായി പങ്കെടുക്കും. കൺവെൻഷനിലൂടെ ലക്ഷ്യമിടുന്ന സമ്പന്നമായ ചർച്ചകൾക്കും നെറ്റ്‌വർക്കിംഗ് അവസരങ്ങൾക്കും വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഗ്ലോബൽ ജോയിൻ്റ് സെക്രട്ടറി ടോം ജേക്കബ്, ഗ്ലോബൽ ചാരിറ്റി ഫോറം കോ-ഓർഡിനേറ്റർ വി.എം.സിദ്ധിഖ്, ഗ്ലോബൽ പബ്ലിക് റിലേഷൻ ഫോറം കോ ഓർഡിനേറ്റർ റഫീഖ് മർക്കാർ, ഗ്ലോബൽ സ്പോർട്സ് ഫോറം കോ ഓർഡിനേറ്റർ അലിയാസ് ഇസ്ഹാഖ്, കേരളാ സ്റേറ്റ് കൗൺസിൽ പ്രസിഡൻ്റ് ടി.ബി.നസീർ, ട്രഷറർ സി.ചാണ്ടി, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സോഫി ജോസഫ്, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ റിനി സുരാജ് എന്നിവര്‍ പങ്കെടുത്തു.

 

 

 

        

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+