HQ. AUSTRIA, REG.NO:ZVR.ZAHL:865685499 | Norka Reg. No. AUS/20/103 | Trade Mark Reg. No. 4100040

Onam celebrated with the inmates of Jivajyoti Agati Mandir at Parappukkara.

ഏറെ സന്തോഷത്തോടെയാണ് ഈ വരികൾ കുറിക്കുന്നത്. തൃശൂർ ജില്ലയിലെ മാപ്രാണം - പാറപ്പുക്കരയിൽ ഉള്ള ജീവജ്യോതി അഗതിമന്ദിരത്തിൽ അവിടുത്തെ അന്തേവാസികളായ അമ്മമാരോടൊപ്പം ഇന്ന് ഓണം ആഘോഷിച്ചു. ഇന്നത്തെ ദിവസം അവർക്കരികിൽ എത്തുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ ആവണം വഴിക്കണ്ണുമായി അവർ കാത്തിരുന്നത്. ഒപ്പം അഗതിമന്ദിരം നടത്തിപ്പുകാരായ സിസ്റ്റർമാരും നമ്മുടെ വരവ് കാത്തിരിക്കുകയായിരുന്നു. വാർദ്ധക്യസഹജമായ അസുഖബാധിതരും, സംസാര ശേഷിയും കേൾവിയും ഇല്ലാത്തവരും, മാനസിക വൈകല്യമുള്ളവരുമൊക്കെയാണ് അവിടുത്തെ അന്തേവാസികൾ. മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും, ചില പ്രത്യേക സാഹചര്യങ്ങളാൽ അഗതിമന്ദിരത്തിൽ തങ്ങേണ്ടി വന്നവരും ഉണ്ട്.
 
ഞങ്ങൾക്കും വിരുന്നു വരാനും കൂടെയിരിക്കാനും ആളുകൾ ഉണ്ടെന്ന ഒരുഭാവം പല മുഖങ്ങളിലും തെളിഞ്ഞു കണ്ടു. ചിലർക്ക് എല്ലാം ഒരു കൗതുകം പോലെ. മറ്റു ചിലർക്കൊ പ്രിയപ്പെട്ടവരാരോ അരികിലെത്തിയ പോലെ കയ്യിൽ തൊട്ടും ചേർത്ത് നിർത്തിയും വിശേഷങ്ങൾ ചോദിച്ചറിയൽ. തീർത്തും വിവരിക്കാൻ കഴിയാത്ത വൈകാരികതയുടെ നിമിഷങ്ങളായിരുന്നു അതെല്ലാം.
അവർക്കൊപ്പം , ഓണക്കോടി കൈമാറിയും, സദ്യയുണ്ടും പാട്ടുപാടിയും മണിക്കൂറുകൾ തീർന്നു പോയതറിഞ്ഞില്ല.
 
പഴയ കാല ഓർമ്മകളിൽ മുഴുകിയെന്ന പോലെ അമ്മമാരിൽ ചിലർ എല്ലാം മറന്നു പാട്ട് പാടിയപ്പോൾ നമ്മുടെ പ്രവർത്തകർ താളമിട്ട് കൂടെ ചേർന്നു. നമ്മൾ ചെന്നെത്തിയപ്പോൾ മുതൽ ഇടം വലം ചേർന്നു അവിടുത്തെ സിസ്റ്റർമാർ ഉണ്ടായിരുന്നു. സ്വീകരണ മുറിയിലും, അകത്തളങ്ങളിലും, അടുക്കളയിലും വരെ അവിടുത്തെ മക്കളെ പോലെ ഞങ്ങളെ കൊണ്ട് നടത്തുകയും ഓരോന്നും വിശദീകരിക്കുകയും ചെയ്തപ്പോൾ നമുക്കെത്രയോ മുൻപേ ഇവിടം പരിചിതമാണെന്ന് തോന്നി പോയിട്ടുണ്ടാകും പലർക്കും എന്നതുറപ്പാണ്.
ആഘോഷങ്ങൾ ഇടക്കെങ്കിലും ഇതുപോലുള്ള ഇടങ്ങളിൽ ആകണം. കളങ്കമില്ലാത്ത സ്നേഹവും, കലർപ്പില്ലാത്ത പെരുമാറ്റവും കൊണ്ട് മനസ്സ് നിറച്ചു കളഞ്ഞു അമ്മമാരും സിസ്റ്റർ മാരും. ഇനിയും വരുമെന്ന് വാക്ക് നൽകുമ്പോൾ വന്നില്ലെങ്കിലും ഞാൻ വിളിച്ചു വരുത്തിക്കൊള്ളാം എന്ന മദറിന്റെ വാക്കുകൾ നമ്മൾ അവർക്കാരൊക്കെയോ ആണെന്ന തോന്നലിൽ മനസ്സ് നിറഞ്ഞാണ് അഗതി മന്ദിരത്തിന്റെ പടി ഇറങ്ങിയത്. അവരുടെ സ്നേഹത്തിനു മുന്നിൽ നാം എത്ര നിസാരർ..
 
 
 
ഇന്നത്തെ പരിപാടി ഉദ്ഘാടനം ചെയ്ത പുതുക്കാട് എം. എൽ. എ, K K രാമചന്ദ്രൻ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ V S പ്രിൻസ് , പഞ്ചായത്ത്‌ പ്രസിഡന്റ്‌ EK അനൂപ് , വാർഡ് മെമ്പർ ഷീബ സുരേന്ദ്രൻ എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നത് ഏറെ സന്തോഷം ഉളവാക്കി. അവർക്കൊരോരുത്തർക്കും നന്ദി അറിയിക്കുന്നു.
*ഇന്നത്തെ ദിവസം മനോഹരമാക്കാൻ പരിപാടിയിൽ പങ്കെടുത്ത ഓരോരുത്തർക്കും* *ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അർപ്പിക്കുന്നു. നന്മയുടെ പൂക്കാലങ്ങൾ* *ഇനിയും ഉണ്ടാകട്ടെ*
നോബി കെ . പി
കേരള സ്റ്റേറ്റ് ചാരിറ്റി കോഡിനേറ്റർ
ഡബ്ലിയു. എം. എഫ്

Become a WMF Member and be part of world's largest malayalee network. Feel proud to get membership

We’ve come a long way together. Our supporters made everything possible. Membership is the best way to protect what we’ve achieved together and keep our progress going. WMF started it, now be part of it!

+